05:15pm 06 September 2026
NEWS
നീലക്കുറിഞ്ഞി പറിച്ച് ഫോട്ടോഷൂട്ട് നടത്തിയ യുവാക്കൾക്കെതിരെ കേസ്
05/09/2026  07:02 PM IST
nila
നീലക്കുറിഞ്ഞി പറിച്ച് ഫോട്ടോഷൂട്ട് നടത്തിയ യുവാക്കൾക്കെതിരെ കേസ്

മൂന്നാർ: പ്രകൃതിയുടെ അപൂർവ വിസ്മയമായ നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് തലയിൽ ചൂടുകയും പൂച്ചെണ്ടായി കയ്യിൽ പിടിക്കുകയും ചെയ്ത് ഫോട്ടോഷൂട്ട് നടത്തിയ രണ്ട് യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഇടുക്കി, എറണാകുളം സ്വദേശികളാണ് യുവാക്കളെന്നാണ് സൂചന. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മൂന്നാർ ഡിഎഫ്ഒയുടെ നിർദേശപ്രകാരം അന്വേഷണം നടത്തി കേസെടുക്കുകയായിരുന്നു.

നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശങ്ങളിൽ സന്ദർശകർ പാലിക്കേണ്ട കർശന നിർദേശങ്ങൾ വനംവകുപ്പ് നേരത്തെ തന്നെ നൽകിയിരുന്നു. പൂക്കൾ പറിക്കരുതെന്നും പ്രകൃതിക്ക് നാശമുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് നൽകിയിരുന്നത്. നിയന്ത്രണങ്ങളോടെയാണ് സന്ദർശകർക്ക് പ്രദേശത്തേക്ക് പ്രവേശനം അനുവദിക്കുന്നതും.

എന്നാൽ നിർദേശങ്ങൾ അവഗണിച്ചാണ് യുവാക്കൾ നീലക്കുറിഞ്ഞിപ്പൂക്കൾ പറിച്ച് ഫോട്ടോഷൂട്ട് നടത്തിയത്. യുവാക്കളിലൊരാൾ ചിത്രം പകർത്തിയത് ചിന്നക്കനാലിൽ നിന്നാണെന്നും വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ ചൊക്രമുടിയിലും ചിന്നക്കനാലിലുമാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി വനംവകുപ്പ് അന്വേഷണം തുടരുകയാണ്. നിയമലംഘനം തെളിഞ്ഞാൽ മൂന്നുവർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് വനംവകുപ്പ് അറിയിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img